നിങ്ങൾ ഏതു വിഭാഗക്കാരൻ ആണ് ?
ആദ്യമായി ഈ ചോദ്യം നേരിട്ടത് താടി വെച്ചപ്പോളാണ് ..
താടി ഒരു മുസ്ലിമിന് നിർബന്ധമാണെന്ന തിരിച്ചറിവ് കിട്ടിയത് വൈകിയാണെങ്കിലും ,
അതങ്ങു വളർത്താൻ തീരുമാനിച്ചപ്പോളല്ലേ പുകില് മനസ്സിലാകുന്നത് .
ചോദ്യം വന്നത് കുടുംബത്തിൽ നിന്നും മുസ്ലിം സമുദായത്തിൽ നിന്നും ആണ് ...
"നീ മുജാഹിദ് ആയോ?"
പാരമ്ബര്യത്തെയും പണ്ഡിതന്മാരെയും ഒക്കെ അല്പം ബഹുമാനിച്ചു നടന്നാൽ സുന്നി ..
താടി വെച്ചാലും പാന്റ് അല്പം ഞെരിയാണിക്കു മുകളിൽ കയറ്റി വെച്ചാലും മുജാഹിദ് ..
പള്ളിയിൽ സ്ഥിരമായി പോയാലും സുന്നത്തുകളൊക്കെ ജീവിതത്തിൽ പകർത്താൻ ശ്രമിച്ചാലോ ഉടൻ തബ്‌ലീഗ് .
ഇനിയല്പം ഖുർആൻ ക്ലാസ്സ് ഒക്കെ സംഘടിപ്പിക്കാൻ നോക്കിയാലോ ജമാഅത്ത് ..
ഇനീപ്പോ അല്പം ആത്മീയത കൂട്ടാൻ നോക്കിയാലോ ത്വരീക്കത്തും .
ഇനിയിപ്പോ കക്ഷി ഭേദമന്യേ എല്ലാർക്കും ഒന്നു സലാം പറഞ്ഞാലോ ..ഇവനാരെടാ എന്നൊരു നോട്ടവും ..
നല്ലൊരു പയ്യൻ ആയിരുന്നു ..വഴി തെറ്റി പോയല്ലോ എന്നൊരു സഹതാപവും ..
സഹോദരാ ഞാൻ ഒരു വിഭാഗത്തിലുമില്ല ..ഞാൻ മുസ്ലിം എന്ന ലേബലിൻ കീഴിൽ ആണ് ജീവിക്കുന്നത് എന്നു പറഞ്ഞാലോ?
അതേതാ ഈ പുതിയ വിഭാഗം എന്നു അത്ഭുതത്തോടെ ഒരു ചോദ്യവും ..
അങ്ങനെ ഒരു വിഭാഗത്തിലും പെടാതെ ഒന്നും നിലനിൽക്കാൻ പറ്റില്ല എന്നൊരു താക്കീതും..
ഇതു പോലെ ഒരുത്തൻ മുന്പുണ്ടായിരുന്നു ..അവൻ അവസാനം കാഫിറായിട്ടാണ് മരിച്ചത് എന്ന ഭീഷണിയും ..
(ഇങ്ങനെ കാഫിർ ആയവരും ..ഭ്രാന്തു പിടിച്ചവരും കഥകളിൽ ധാരാളം..പക്ഷെ വെറും കഥകളിൽ മാത്രം )
നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.(ഖുർആൻ 3 :103 )
ലോകത്തു മുസ്ലിം എന്ന ലേബലിൽ ജീവിക്കുന്ന ഒരു വിഭാഗം ഉണ്ട് എന്നു ഇവർ മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ ..
ആ ഒരു വിഭാഗത്തിന് അല്ലാഹു മാത്രം മതി ..റസൂലിന്റെ സുന്നത്തു അനുസരിച്ചാണ് അവർ ജീവിക്കുന്നത് ..
അവരുടെ ലക്ഷ്യം പരലോക വിജയം മാത്രമാണ് ..
ഇവിടെയുള്ള പരസ്പര തർക്ക സംവാദങ്ങളിൽ അവർക്കു താല്പര്യമില്ല ..
എല്ലാ വിഭാഗത്തെ കേൾക്കാനും പരസ്പരം സഹകരിക്കാനും അവർ തയ്യാറാണ് ..
ഇങ്ങനെ കേട്ടാൽ ഒരിക്കലും വഴി തെറ്റില്ല ..നല്ലതു എളുപ്പത്തിൽ തെരഞ്ഞെടുക്കാനുള്ള വിവേകം സൃഷ്ട്ടാവ് മനുഷ്യന് നൽകിയിട്ടുണ്ട് ..
പിന്നെ സത്യ മാർഗത്തിൽ നയിക്കാൻ റബ്ബിനോട് നിരന്തരം ദുആ ചെയ്യുകയും ചെയ്യുക ..
എല്ലാ വിഭാഗത്തെയും കേൾക്കാനും പഠിക്കാനും തയ്യാറാവുന്നത് കൊണ്ടു ഒരു കാര്യം ശരിക്കും മനസ്സിലായിട്ടുണ്ട് ..
എല്ലാരും പറയുന്നത് തമ്മിൽ ഇത്ര തർക്കിക്കേണ്ടതായിട്ടുള്ള ,ഭിന്നിക്കേണ്ടതായിട്ടുള്ള വിഷയങ്ങൾ അധികമൊന്നും ഇല്ല ..
പക്ഷെ ചിലരുടെ അധികാര മോഹങ്ങളും ,പണത്തോടുള്ള അടങ്ങാത്ത ആർത്തിയും ,റബ്ബിനോട് നേരിട്ടു അടുക്കാൻ
എല്ലാർക്കും കഴിയില്ല എന്ന വിശ്വാസവും ,ഞാൻ ഇങ്ങനെയൊക്കെ ആണ് നീയൊന്നും എന്നെ നന്നാക്കാൻ നോക്കേണ്ട
എന്ന അഹങ്കാരവും ഒക്കെ ചേരുംപോൾ പരസ്പരം അംഗീകരിക്കാൻ മടി തോന്നുക സ്വാഭാവികം ..
(അഹങ്കാരം കുഫ്‌റാണെന്നാണ് ഹദീസിന്റെ ആശയം )
ഭിന്നിപ്പുകൾ മാറ്റിവെച്ചു നന്നാവേണ്ടത് ഓരോരുത്തരുടെയും പരലോക വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവും,
നാളെ റബ്ബിന്റെ കോടതിയിൽ അവനവന്റെ രക്ഷ തീരുമാനിക്കുന്നത് അവനവൻ തന്നെ ചെയ്ത കർമങ്ങൾ ആണ് എന്നുള്ള അറിവും ,
നമ്മളെ ഇങ്ങനെ പരസ്പരം ചെളി വാരി എറിയുന്നതിൽ നിന്നും മറ്റുള്ളവനെ കാഫിർ എന്നു വിളിക്കുന്നതിൽ നിന്നും തടഞ്ഞു നിർത്തും .
ശഹാദത് നാവു കൊണ്ടു പറഞ്ഞ ആരും ലോകത്തിന്റെ വീക്ഷണത്തിൽ മുസ്ലിം തന്നെ ആണ് .
ഇനിയിപ്പോ അവൻ ഹൃദയത്തിൽ ഉറപ്പിച്ചാണോ പറഞ്ഞത് ..ഇപ്പോളും അവന്റെ ഉള്ളിൽ ഈമാൻ ഉണ്ടോ എന്നതെല്ലാം
അല്ലാഹുവിനു മാത്രം അറിയാവുന്ന കാര്യമാണ്.
പരസ്പരം എന്തെങ്കിലും തെറ്റു കണ്ടാൽ തെറ്റു ചെയ്യുന്നവനെ നേർവഴിക്കു നയിക്കുക എന്ന നിയ്യത്തോടെ മാത്രം
നല്ല മയത്തിൽ പറഞ്ഞു മനസ്സിലാക്കുക ..
എന്നിട്ടു അവനു ഹിദായത്തു കൊടുക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യുക ..
അല്ലാതെ പരസ്പരം പരാചയപ്പെടുത്തുക എന്ന ഉദ്ദേശം വരുമ്പോൾ അവിടെ തർക്കം മാത്രമേ നടക്കൂ ..
അതു കൊണ്ടു ഭിന്നിപ്പുകൾ എല്ലാം മാറ്റിവെച്ചു പരസ്പരം സത്യം കൊണ്ടും ക്ഷമ കൊണ്ടും ഉപദേശിക്കുക ..
പരസ്പരം കേൾക്കാൻ തയ്യാറാവുക ..മാന്യമായ ചർച്ചകൾ ചെയ്യുക ..അനാവശ്യ പിടിവാശികൾ ഉപേക്ഷിക്കുക .
ലോക്മാന്യതയും അധികാര മോഹവും ഉപേക്ഷിക്കുക ..ലക്ഷ്യം പരലോക വിജയം മാത്രമാവുക ..
ഒരു നല്ല മുസ്ലിം മാത്രമായി ജീവിക്കാൻ പരിശ്രമിക്കുക ..
നാഥൻ തൗഫീഖ് ചെയ്യട്ടെ ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ